സമുദായസ്നേഹവും വര്‍ഗീയവാദവും

വര്‍ഗീയത എന്ന വിഭാഗത്തില്‍ March 31st, 2009-ന് ശ്രീ (boolokam.in) എഴുതി ചേര്‍ത്തത്.

മാര്‍ച്ച് 30-ന്‍റെ മാതൃഭൂമി ദിനപത്രത്തില്‍ ശ്രീ എം. എന്‍. കാരശ്ശേരി രചിച്ച ‘എന്താണീ വര്‍ഗീയത?’ എന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. ഈ ലേഖനം ഇവിടെ ബ്ലോഗില്‍ പുനഃപ്രസിദ്ധീകരിക്കാന്‍ മാതൃഭൂമിയുടെയോ കാരശ്ശേരിയുടെയോ അനുമതി വാങ്ങിയിട്ടില്ല എന്നതില്‍ ഖേദിക്കുന്നു. ഈ ലേഖനം കൂടുതല്‍പ്പേര്‍ വായിക്കട്ടെ, ഒരു ബ്ലോഗ് ചര്‍ച്ചയ്ക്ക് വേദിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഈ തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ചര്‍ച്ചാപ്രമേയമായിക്കൊണ്ടിരിക്കുകയാണ്‌ വര്‍ഗീയത. ഏതു കക്ഷിക്കാണ്‌ വര്‍ഗീയതയുള്ളത്‌, ഏതു മുന്നണിക്കാണ്‌ വര്‍ഗീയവാദികളുമായി ബന്ധമുള്ളത്‌ എന്നീ കാര്യങ്ങളില്‍ തര്‍ക്കമുണ്ടെങ്കിലും വര്‍ഗീയത ചീത്തയാണ്‌ എന്ന കാര്യത്തില്‍ ആര്‍ക്കും എതിരില്ല!

സാധാരണ കേള്‍ക്കാറുള്ള ചോദ്യം:
അവനവന്‍റെ നാട്ടുകാരെയോ ജാതിക്കാരെയോ ഭാഷക്കാരെയോ സ്‌നേഹിക്കുന്നത്‌ തെറ്റാണോ? അവരെ സേവിക്കുന്നത്‌ കുറ്റമാണോ?

അല്ല. ഒറ്റയേ്‌ക്കാ കൂട്ടായോ അത്തരം സംഗതികള്‍ ചെയ്യുന്നവരെ സമുദായസ്‌നേഹികള്‍ എന്നാണ്‌ വിളിക്കാറ്‌; വര്‍ഗീയവാദികള്‍ എന്നല്ല.

വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, സാമൂഹിക പരിഷ്‌കരണം തുടങ്ങി പല രംഗങ്ങളിലും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്‌ രാഷ്ട്രസേവനം തന്നെയാണ്‌. ശ്രീനാരായണഗുരു, സനാ ഉല്ലാ മക്തിത്തങ്ങള്‍, അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട്‌ മുതലായ പരിഷ്‌കര്‍ത്താക്കളുടെ സംഭാവനകള്‍ ഓര്‍ത്തുനോക്കുക. അത്തരം സാമുദായിക മുന്നേറ്റങ്ങളിലൂടെയാണ്‌ രാഷ്ട്രം പുരോഗമിക്കുന്നത്‌.

ഏതെങ്കിലും ഒരു വിഭാഗത്തിനോടുള്ള ഈ പരിഗണന അധികാരത്തിനു വേണ്ടി ഉപയോഗിക്കുമ്പോള്‍ സംഗതി മാറുന്നു. സമുദായസേവനത്തിന്‍റെ രാഷ്ട്രീയവത്‌കരണമാണ്‌ അപ്പോള്‍ നടക്കുന്നത്‌. സമുദായ സ്‌നേഹം രാഷ്ട്രീയത്തിലെ സാമുദായികവാദമായി കോലം മറിയുന്ന സ്ഥിതിയാണത്‌. അധികാരലാഭത്തിനു വേണ്ടി ഭാഷ, ജാതി, മതം മുതലായവയെ വൈകാരികമായി ഉപയോഗിക്കുന്ന അവസ്ഥ അപ്പോള്‍ വന്നുചേരുന്നു. ഇപ്പറഞ്ഞ സാമുദായികവാദം സാമൂഹിക ജീവിതത്തിന്‍റെ പുറംപോക്കില്‍ കഴിഞ്ഞുകൂടുന്നവര്‍ക്കു വേണ്ടിയാവുമ്പോള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും; അത്തരം ദുരവസ്ഥയില്ലാത്ത സമൂഹങ്ങള്‍ക്കു വേണ്ടിയാവുമ്പോള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും.

ഇവിടെ വരാനിടയുള്ള എതിര്‍വാദം:
ജനാധിപത്യവ്യവസ്ഥയില്‍ ഏതു വിഭാഗത്തിന്‍റെ പിന്നാക്കാവസ്ഥയ്‌ക്ക്‌ പരിഹാരം ഉണ്ടാകണമെങ്കിലും അധികാരത്തില്‍ പങ്കു കിട്ടണം. വംശം, ഭാഷ, വര്‍ണം, ജാതി, മതം, പ്രദേശം, ലിംഗം മുതലായ പലതിന്‍റെ പേരിലും പലവിധമായ വിവേചനങ്ങള്‍ നമ്മുടെ ജനാധിപത്യത്തില്‍ നടക്കുന്നുണ്ട്‌. ഭാഷാന്യൂനപക്ഷങ്ങളും മതന്യൂനപക്ഷങ്ങളും അടിയാളജാതിക്കാരും സ്‌ത്രീകളും നേരിട്ടുകൊണ്ടിരിക്കുന്ന അനീതികള്‍ ആലോചിക്കുക. ഡല്‍ഹിയില്‍ സിഖുകാരും ഗുജറാത്തില്‍ മുസ്‌ലിങ്ങളും ഒറീസ്സയില്‍ ക്രിസ്‌ത്യാനികളും കൊലകള്‍ക്ക്‌ ഇരയായ അനുഭവം ഉദാഹരണം.

മറുപടി: ഇത്തരം അനീതികള്‍ അവയ്‌ക്ക്‌ വിധേയരാവുന്ന വിഭാഗത്തിന്‍റെ മാത്രം കാര്യമല്ല; ജനാധിപത്യസമൂഹത്തിന്‍റെ പൊതുപ്രശ്‌നമാണ്‌. അതിനു കൂട്ടായി പരിഹാരം കാണണം. ഏതെങ്കിലും തരത്തിലുള്ള ന്യൂനപക്ഷത്തിന്‍റെ വിഷമങ്ങള്‍ ആ വിഭാഗത്തിനു മാത്രമായി പരിഹരിക്കാന്‍ കഴിയില്ല. അവര്‍ ന്യൂനപക്ഷമാണ്‌ എന്നതുതന്നെ കാരണം.

സാമുദായികവാദം കൊണ്ട്‌ ചില പിന്നാക്കക്കാര്‍ക്ക്‌ ആനുകൂല്യങ്ങളും സൗകര്യങ്ങളുമൊക്കെ നേടിയെടുക്കാന്‍ സാധിച്ചേക്കുമെങ്കിലും രാഷ്ട്രത്തിലെ ഭിന്നവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു വിശാലാടിസ്ഥാനത്തില്‍ പരിഹാരം കാണുവാന്‍ അതു പ്രാപ്‌തമാവുകയില്ല.

സ്വന്തം വിഭാഗത്തോടുള്ള സ്‌നേഹം മുന്‍നിര്‍ത്തി മാത്രം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന സാമുദായികവാദത്തിനു പല പരിമിതികള്‍ ഉണ്ടെങ്കിലും അന്യവിഭാഗങ്ങളോടു വെറുപ്പ്‌ പ്രചരിപ്പിക്കാത്ത കാലത്തോളം അതിനെ വര്‍ഗീയം എന്നു കുറ്റപ്പെടുത്താനാവില്ല.

അവഗണിതരും അവശരും ചൂഷിതരും ആയി ചില വിഭാഗങ്ങള്‍ മുഖ്യധാരയ്‌ക്ക്‌ പുറത്ത്‌ പുലരാനിടയാവുന്നതുകൊണ്ടാണ്‌ സാമുദായികവാദം ഉരുവം കൊള്ളുന്നത്‌. അത്തരം അനീതികള്‍ ഇല്ലായ്‌മ ചെയ്യാന്‍ ജനാധിപത്യം പ്രാപ്‌തി നേടുമ്പോള്‍ സാമുദായികവാദം അപ്രസക്തമായിത്തീരും.

സാമുദായികവാദത്തിനു വികാരതീവ്രത തീ കൊടുക്കുമ്പോഴാണ്‌ അതു വര്‍ഗീയവാദമായി ചുട്ടുപഴുക്കുന്നത്‌.

വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ട മതവും ജാതിയും എന്നപോലെ ഏതുവിഷയവും വികാരത്തിന്‍റെ വാതകം ആക്കി തീ കൊടുക്കാം. മുംബൈയിലെ ശിവസേനാനേതാവ്‌ ബാല്‍താക്കറെ പ്രാദേശികതയെയും ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ. നേതാവ്‌ പ്രഭാകരന്‍ ഭാഷയെയും ആണ്‌ കത്തിക്കുന്നത്‌.

എന്താണ്‌ വര്‍ഗീയവാദം? സാമുദായികവാദവുമായി അതിനുള്ള വ്യത്യാസമെന്താണ്‌?

സ്വന്തക്കാരോടുള്ള സ്‌നേഹമാണ്‌ സാമുദായികവാദം. സ്വന്തമല്ലാത്ത എല്ലാറ്റിനോടുമുള്ള വെറുപ്പാണ്‌ വര്‍ഗീയവാദം.

ഒരു വിഭാഗത്തിന്‌ ഇന്നയിന്ന ആനുകൂല്യങ്ങള്‍ വേണമെന്ന അപേക്ഷയാണ്‌ സാമുദായികവാദം. ഒരു വിഭാഗം ഇന്നയിന്ന കാര്യങ്ങള്‍ പിടിച്ചെടുക്കും എന്ന പ്രഖ്യാപനമാണ്‌ വര്‍ഗീയവാദം.

സാമുദായികവാദം സാമാന്യമായി യുക്തിയും വിവേകവും ഉപയോഗിക്കുമ്പോള്‍ വര്‍ഗീയവാദം ശക്തിയും വികാരവും ഉപയോഗിക്കുന്നു. ആദ്യത്തെ കൂട്ടര്‍ക്ക്‌ ആശയമാണ്‌ ആയുധം. രണ്ടാമത്തെ കൂട്ടര്‍ക്ക്‌ ആയുധമാണ്‌ ആശയം.

ജനാധിപത്യത്തിന്‍റെ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ്‌ സാമുദായികവാദം പ്രവര്‍ത്തിക്കുന്നത്‌. വര്‍ഗീയവാദത്തിനു ജനാധിപത്യത്തില്‍ വിശ്വാസമില്ല. അതുകൊണ്ടാണ്‌ വര്‍ഗീയവാദികള്‍ പാര്‍ലമെന്റ്‌മന്ദിരം ആക്രമിക്കുന്നത്‌.

സംവാദം സാമുദായികവാദത്തിനു പറ്റും; വര്‍ഗീയവാദത്തിനു പറ്റില്ല. ‘നാവടക്കൂ’ എന്നതാണ്‌ അതിന്‍റെ ആജ്ഞ. ഇല്ലെങ്കില്‍ നാവരിയും എന്നും.

സൂക്ഷിച്ചുനോക്കൂ: ഫാസിസം തന്നെയാണ്‌ വര്‍ഗീയവാദം. ഹിറ്റ്‌ലര്‍ യഹൂദവിരോധം അടിസ്ഥാനമാക്കിയാണ്‌ ആര്യവംശാധിപത്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചത്‌. ഇന്ത്യയില്‍ മുസ്‌ലിംവിരോധം ആധാരമാക്കി ഹിന്ദുവര്‍ഗീയതയും ഹിന്ദുവിരോധം ആധാരമാക്കി മുസ്‌ലിംവര്‍ഗീയതയും മുന്നേറുന്നു.

ആര്യവംശാധിപത്യം എന്നു പറയുമ്പോലെത്തന്നെ ഫാസിസ്റ്റ്‌ ആശയമാണ്‌ ഹിന്ദുരാഷ്ട്രം, ഇസ്‌ലാമികരാഷ്ട്രം എന്നീ സങ്കല്‌പങ്ങള്‍. ‘രാഷ്ട്രമതം’ എന്നത്‌ ആ മതത്തില്‍ പ്പെടാത്തവരെയൊക്കെ പൗരാവകാശങ്ങളില്ലാത്ത രണ്ടാം കിടക്കാരായി തരം കെടുത്തി ഒരു മതവിഭാഗത്തിന്‍റെ ഏകാധിപത്യം നടപ്പാക്കുക എന്ന സ്വപ്‌നമാണ്‌. ജനാധിപത്യത്തിന്‍റെ അടിസ്ഥാന വിശ്വാസമായ മനുഷ്യരുടെ തുല്യത എന്ന ചിന്തയുമായി അതിനു ബന്ധമില്ല.

അവശതാനിവാരണം എന്നതിനപ്പുറം സാമുദായികവാദത്തിനു പ്രത്യയശാസ്‌ത്രങ്ങളൊന്നുമില്ല. പ്രശ്‌നങ്ങള്‍ക്കു പരിഹാരമായാല്‍ ആ വാദം തീര്‍ന്നു. വര്‍ഗീയവാദം ഒരു പ്രത്യയശാസ്‌ത്രമാണ്‌. വെറുപ്പിന്‍റെ രാഷ്ട്രീയമാണത്‌. സ്വന്തം വംശം, മതം മുതലായവയുടെ പേരില്‍ അധികാരം പിടിച്ചടക്കുക എന്നതാണ്‌ അതിന്‍റെ ലക്ഷ്യം.

‘ദൈവത്തിന്‍റെ ഭരണം’ എന്ന പേരില്‍ പുരോഹിതര്‍ നാടുഭരിക്കുക എന്നതാണ്‌ വര്‍ഗീയവാദികളുടെ മതരാഷ്ട്ര സങ്കല്‌പത്തിന്‍റെ ഉള്ളടക്കം. അത്‌ ജനാധിപത്യവിരുദ്ധമാണ്‌ എന്നു വ്യക്തം. ആ കൂട്ടരും ഇന്ത്യയില്‍ ജനാധിപത്യത്തിന്‍റെ പേരില്‍, ജനാധിപത്യവ്യവസ്ഥയ്‌ക്കകത്തു തന്നെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജനാധിപത്യത്തിന്‍റെ വഴിയിലൂടെയാണ്‌ ആര്യാധിപത്യത്തിന്‍റെ അവതാരപുരുഷനായ ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയത്‌!

എന്തിന്‍റെ പേരില്‍ പുലരുന്ന വര്‍ഗീയവാദവും ഹിംസയില്‍ അധിഷ്‌ഠിതമാണ്‌. നിരപരാധികളെയും അപരാധികളെയും ഒരുപോലെ കൊല്ലാന്‍ തയ്യാറാവുക എന്നതാണ്‌ അതിന്‍റെ സന്ദേശം; അല്ലെങ്കില്‍ മരിക്കാനൊരുങ്ങുക എന്ന്‌. കൊന്നാല്‍ ഇഹലോകത്തും മരിച്ചാല്‍ പരലോകത്തും ഫ്രവീരസ്വര്‍ഗം’ എന്നതാണ്‌ അതിന്‍റെ പ്രലോഭനം. പ്രതിരോധത്തിന്‍റെ പേരില്‍ ആക്രമണങ്ങളെയും പ്രത്യാക്രമണങ്ങളെയും ന്യായീകരിക്കുക എന്നതാണ്‌ അതിന്‍റെ നീതിശാസ്‌ത്രം.

കൊലപാതകം എങ്ങനെയാണ്‌ രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത്‌, സമാധാനലംഘനം എങ്ങനെയാണ്‌ ജനസേവനമാകുന്നത്‌ എന്ന്‌ വര്‍ഗീയവാദത്തോട്‌ ചോദിക്കാന്‍ നാം പലപ്പോഴും വിട്ടുപോകുന്നു.

നമ്മള്‍ ഓര്‍ത്തിരിക്കണം:
ഏതു തരം വര്‍ഗീയവാദവും ജനവിരുദ്ധമാണ്‌. എന്നിട്ടും അതില്‍ ആളെക്കൂട്ടാന്‍ അതിന്‍റെ നേതാക്കള്‍ക്കു കഴിയുന്നു – ജനാധിപത്യത്തിന്‍റെ ഒരു കുഴപ്പം ജനങ്ങള്‍ക്കെതിരായി ജനങ്ങളെ ഉപയോഗിക്കാന്‍ അതില്‍ പഴുതുണ്ട്‌ എന്നതാണ്‌.

മാര്‍ച്ച് 30-ന്‍റെ മാതൃഭൂമി ദിനപത്രത്തില്‍ ശ്രീ എം. എന്‍. കാരശ്ശേരി രചിച്ച എന്താണീ വര്‍ഗീയത?’ എന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിലെ പ്രസക്ത ഭാഗങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഈ ലേഖനം ഇവിടെ ബ്ലോഗില്‍ പുനഃപ്രസിദ്ധീകരിക്കാന്‍ മാതൃഭൂമിയുടെയോ കാരശ്ശേരിയുടെയോ അനുമതി വാങ്ങിയിട്ടില്ല എന്നതില്‍ ഖേദിക്കുന്നു. ഈ ലേഖനം കൂടുതല്‍പ്പേര്‍ വായിക്കട്ടെ, ഒരു ബ്ലോഗ് ചര്‍ച്ചയ്ക്ക് വേദിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

ഇതുവരെ 9 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. March 31st, 2009 9:54 am IST യ്ക്ക് Baiju Elikkattoor:

    :)

  2. March 31st, 2009 9:55 am IST യ്ക്ക് കൂട്ടുകാരന്‍ | Friend:

    വര്‍ഗീയ വാദം ജനങ്ങളുടെ മനസ്സിലില്ല…അത് രാഷ്ട്രീയക്കാരന്റെ സൃഷ്ടിയാണ്. അതിനു വളം വച്ച് കൊടുക്കാന്‍ കുറച്ചു കുട്ടി നേതാക്കളും. ആദ്യം ജനങ്ങള്‍ നേരിടേണ്ടത് അവരെയാണ്.. നമ്മളോട് ജാതിയുടെ പേരില്‍ വോട്ട് ചോദിച്ചു വരുന്നവനെ.

  3. March 31st, 2009 12:18 pm IST യ്ക്ക് അങ്കിള്‍:

    Tracking

  4. March 31st, 2009 3:37 pm IST യ്ക്ക് Bakar:

    മുസ്ളിംകളോട്‌…
    “വര്‍ഗീയത പറയുന്നവനും അതിലേക്ക്‌ ക്ഷണിക്കുന്നവനും നമ്മില്‍ (മുസ്ളിം) പെട്ടവനല്ല…” – മുഹമ്മദ്‌ നബി

    ഇനി മറ്റുള്ളവര്‍ അവരവരുടേത്‌ വിശദീകരിക്കട്ടെ..

  5. April 2nd, 2009 2:24 am IST യ്ക്ക് MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ:

    വര്‍ഗ്ഗങ്ങളുള്ളതു കൊണ്ടല്ലേ വര്‍ഗ്ഗീയ വാദങ്ങളുണ്ടാകുന്നത്. അപ്പോള്‍ ഇല്ലാതാകേണ്ടത് എന്താണെന്ന് വ്യക്തമല്ലെ. ദൈവരാജ്യം എന്നൊക്കെപ്പറയുന്നത് വര്‍ഗ്ഗരഹിത സമൂഹമല്ലേ? അപ്പോള്‍ വര്‍ഗ്ഗങ്ങളെ നിലനിര്‍ത്താനും പരസ്പരം പോരടിപ്പിക്കുവാനും ആരൊക്കെ ശ്രമിക്കുന്നുവോ അവരൊക്കെ തിന്മയുടെ (ചെകുത്താന്റെ)സന്തതികള്‍ തന്നെ. അതു ഭൂരിപക്ഷം തിരിച്ചറിയാത്തിടത്തോളം കാലം വര്‍ഗ്ഗീയത നില നില്‍ക്കും

  6. April 2nd, 2009 6:21 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    വളരെ അര്‍ത്ഥവത്തായ ചോദ്യം തന്നെ ശ്രീ മോഹന്‍.

    “ദൈവരാജ്യം എന്നൊക്കെപ്പറയുന്നത് വര്‍ഗ്ഗരഹിത സമൂഹമല്ലേ?”

    ദൈവരാജ്യം എന്ന് പറയുമ്പോള്‍ അവിടെയും ധാരാളം ദൈവങ്ങള്‍ കടന്നു വരുന്നു, അതാണ്‌ പ്രശ്നം. ലോകത്ത് എല്ലാ മനുഷ്യരുടെയും ‘ദൈവം’ ഏകനല്ല. ദൈവത്തിനു ‘പേരിട്ടിട്ടുണ്ട്’. അതിനാല്‍ പിന്നെയും സ്ഥിതി തതൈവ തന്നെ. രാമരാജ്യം, ക്രിസ്തുരാജ്യം, എന്നിങ്ങനെ…

    സമുദായസ്നേഹവും വര്‍ഗ്ഗീയവാദവും തമ്മില്‍ അതിര്‍വരമ്പ് നിശ്ചയിക്കാന്‍ മനുഷ്യമനസ്സിന് കഴിയാതെ പോകുന്നു.

    “മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു, …” എന്ന ഗാനം മനസ്സില്‍ ഓടിയെത്തുന്നു.

  7. September 10th, 2009 6:23 pm IST യ്ക്ക് sijo:

    മതവിശ്വാസികള്‍ അവരുടെ മതത്തിന്റെ മഹിമയിലും തനിമയിലും അഭിമാനിക്കുകയും അതു മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നതൊന്നും വര്‍ഗീയതയോ വിഭാഗീയതയായിട്ടോ ആരും കണ്ടിരുന്നില്ല. മതസ്വാതന്ത്ര്യം ഭരണഘടനയുടെ വീക്ഷണത്തില്‍ വിശ്വാസം ഏറ്റുപറയാനും ജീവിക്കാനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമുള്ള അവകാശമാണ്‌. ഇതെല്ലാം വര്‍ഗീയതയാണെന്നു വരുത്താനാണ്‌ ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നത്‌. അതിന്റെ പിന്നില്‍ നിര്‍മ്മതത്വവും മതവിദ്വേഷവുമാണെന്നു പറഞ്ഞാല്‍ തെറ്റില്ല.

    വര്‍ഗീയത മറ്റുള്ളവരോടുള്ള അസൂയയും വിദ്വേഷവുമാണ്‌. അതു തീര്‍ച്ചയായും നിഷിദ്ധമാണ്‌. മറ്റു മതവിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളുന്നവരുടെ മനസ്സാക്ഷിയും സ്വാതന്ത്ര്യവും മനുഷ്യമഹാത്മ്യവും അംഗീകരിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്‌. മതവിശ്വാസികള്‍ കേരളത്തില്‍ പുലര്‍ത്തിയിരുന്ന മനോഭാവവും അതാണ്‌. മതങ്ങള്‍ തുറവിയുള്ള സമൂഹങ്ങളാണ്‌. എല്ലാവരെയും ഉള്‍ക്കൊള്ളുവാനുള്ള വിശാലമനസ്കത മതവിശ്വാസസംഹിതകള്‍ക്കുണ്ട്‌. മതവിശ്വാസത്തെ ചൂഷണംചെയ്യാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കുമ്പോഴാണ്‌ വര്‍ഗീയത പലപ്പോഴും രൂപംകൊള്ളുന്നത്‌. സ്വന്തം മതത്തോടു വിശ്വസ്തത പുലര്‍ത്തുന്നതും ആ സമൂഹത്തിന്റെ സുസ്ഥിതിയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതും വര്‍ഗീയതയായി കരുതാനാവില്ല, മറ്റു മതവിഭാഗങ്ങളെ ദ്വേഷിക്കുന്നതും അപമാനിക്കുന്നതും അവകാശങ്ങള്‍ നിഷേധിക്കുന്നതും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമാണ്‌ വര്‍ഗ്ഗീയത. അത്‌ തികഞ്ഞ വിഭാഗീയതയാണ്‌. അങ്ങനെയുള്ള വിഭാഗീയതതന്നെയാണ്‌ വര്‍ഗസമരത്തിനും അടിസ്ഥാനം. വര്‍ഗ്ഗീയതയും വര്‍ഗവിദ്വേഷവും സ്വഭാവത്തില്‍ വ്യത്യസ്തമല്ല.

  8. November 9th, 2009 4:28 pm IST യ്ക്ക് hashim k t:

    എവിടെ വര്‍ഗീയതയെപ്പറ്റി സംസാരിക്കുമ്പോഴും കാരശ്ശേരി ജമാടെഇസ്ലാമിയെ പറയാതെ വിടില്ല. പലയവസരങ്ങളിലായി അവക്കെല്ലാം ഉചിതമായ മറുപടി കിട്ടിയാലും പുള്ളിക്കാരന് ജ ഇ യെക്കുറിച്ച് രണ്ടു വാക്ക് പറയാതെ ഉറക്കം വരില്ല. കപട മതെതരന്മാരുടെ കയ്യടിക്ക് വേണ്ടിയാനിതോക്കെ ചെയ്യുന്നതെന്ന് ഇപ്പോള്‍ എല്ലാവര്ക്കും മനസ്സിലായിത്തുടങ്ങി. ജമാഅത്തെ ഇസ്ലാമി മുഹമ്മദു നബിയുടെ ഭരണം വരണമേന്നല്ലേ പറയുന്നത്. ഉമറിന്റെ ഭരണമാണ് ആഗ്രഹിക്കുന്നതെന്ന് മഹാത്മജിയും പറഞ്തിരുന്നല്ലോ. മുഹമ്മദു നബിയുടെ ഭരണത്തില്‍ അന്നീതിയുണ്ടയിരുന്നുവെന്നും അമുസ്ലിംകല്ക് കഷ്ടകാലമായിരുന്നുവെന്നും കാരസ്സെരിക്ക് അഭിപ്രായമുണ്ടോ? നബിയുടെ തിരഞ്ഞെടുത്ത ഹദീസുകള്‍ പ്രസിദ്ധീകരിച്ച അദ്ധേഹത്തിനു രോയള്‍ടിക്ക് വേണ്ടി മതത്തെ ഉപയോഗപ്പെടുത്താം ! ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം ! ക്ഷീരമുല്ലോരകിടിന്‍ ചുവട്ടിലും ചോര തെന്നെ കൊതുകിനു കൌതുകം !!!

  9. October 27th, 2010 1:33 am IST യ്ക്ക് കണ്ണൂര്‍ ഗുണ്ട ഷിജു:

    നന്നായിട്ടുണ്ട്….

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ലേഖനത്തിന്‍റെ അഡ്രസ്സ് : http://boolokam.in/loving-and-hating-religion
ലേഖകന്‍റെ ഇമെയില്‍ : sree@sreyas.in