ശ്രീ (boolokam.in) എഴുതിയ ലേഖനങ്ങള്‍

പിണറായിയും വീടും ഇമെയിലും പിന്നെ മാപ്പും

ഒരു വ്യവസായിയുടെ രമ്യഹര്‍മ്മ്യം സി പി എം സംസ്ഥാന സെക്രട്ടറി ശ്രീ പിണറായി വിജയന്‍റെ വീടാണെന്ന്  തെറ്റിദ്ധരിപ്പിച്ചു ഇമെയില്‍ പ്രചരിച്ചതും, മാനനഷ്ടം കാരണമായി ശ്രീ വിജയന്‍ സൈബര്‍പൊലീസില്‍ കേസു കൊടുത്തതും, ചിലര്‍ ഇമെയില്‍ ഫോര്‍വേഡ് ചെയ്തപ്പോള്‍  ചില ഹാസ്യാത്മകമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതിനാല്‍ അറസ്റ്റിലായതും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.

സൈബര്‍ നിയമങ്ങളില്‍ പുതുതായി കൂട്ടിച്ചേര്‍ത്തവ പ്രാവര്‍ത്തികമായി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം നടന്നത്. അതിനാല്‍തന്നെ കടുത്ത നടപടികളെടുക്കാനും പൊലീസിനു കഴിഞ്ഞു. അച്ചടിദൃശ്യമാധ്യമങ്ങളില്‍കൂടിയും ബ്ലോഗുകളില്‍കൂടിയും ഈ സംഭവത്തിനു നല്ല പ്രചാരം കിട്ടി.  ഈ വീട് ശ്രീ പിണറായിയുടേത് അല്ലെന്നും ഏതോ ഒരു വ്യവസായിയുടെതാണെന്നും എല്ലാവര്‍ക്കും ബോദ്ധ്യമായി.

ഇതുമായി ബന്ധപ്പെട്ടു പലരെയും അറസ്റ്റ് ചെയ്തു. അടുത്ത കാലത്ത്, ഗള്‍ഫിലേക്ക് പോകുന്ന വഴി ഒരാളെ വിമാനത്താവളത്തില്‍ വച്ച്  അറസ്റ്റ് ചെയ്തതായും വാര്‍ത്ത കേട്ടു. അങ്ങനെ നല്ലരീതിയില്‍ പൊലിസ് ഈ കേസ് കൈകാര്യം ചെയ്തു. അഭിനന്ദനങ്ങള്‍.

എട്ടുകാലി ഗൂണ്ടായുടെ ചിത്രം (02)

എട്ടുവീട്ടില്‍ പിള്ളമാരില്‍ ഒരാളായ ചെമ്പഴന്തി പിള്ളയുടെ വീടിനടുത്ത് കാണപ്പെട്ട ഒരു ഗൂണ്ടാ ചിലന്തി (എട്ടുകാലി) യുടെ പടമാണ്. ഇവന് കൊട്ടേഷന്‍ പണിയായിരുന്നു, ഇപ്പോള്‍ സ്വസ്ഥം ഗൃഹഭരണം.

ഗൂണ്ടാ ചിലന്തി (എട്ടുകാലി)

ഈ ചിത്രത്തിന് എന്തോ ഒരു കുറവുണ്ട്. എന്താ അത്?

ഏതാണീ പുഷ്പം? (01)

ഈ പുഷ്പം എന്താണെന്ന് പറയാമോ? കടകളിലൊന്നും വാങ്ങാന്‍ കിട്ടാറില്ല. എന്നാല്‍ നാട്ടിന്‍പുറത്തു വളര്‍ന്നവര്‍ / വളരുന്നവര്‍ കണ്ടുകാണാനിടയുണ്ട്. ഈ പൂവിന്റെ പേര് ചിന്തിയ്ക്കാന്‍ സമയമില്ല എന്നൊന്നും പറയരുതേ, ഇതൊരു ആനക്കാര്യം അല്ലേയല്ല.

ഏതാണീ പുഷ്പം? നിങ്ങള്‍ പറയൂ.

ഏതാണീ പുഷ്പം? നിങ്ങള്‍ പറയൂ.

കോവളം ബീച്ചിലെ കടല്‍ ചൊറി (ജെല്ലി ഫിഷ്‌)

ഒരു ദിവസം ബ്ലോഗ്ഗിലെ തല്ലൊക്കെ കഴിഞ്ഞിട്ട് (‘ജോലി കഴിഞ്ഞിട്ട്’ എന്ന് തിരുത്തി വായിക്കാനപേക്ഷ) കുടുംബവുമായി നേരെ കോവളം സന്ദര്‍ശിച്ചു. അപ്പോള്‍ കണ്ട ചില കാഴ്ചകള്‍ പകര്‍ത്തിയത് ഇവിടെ കൊടുക്കുന്നു.

കോവളം ജംഗ്ഷനു സമീപത്തെ "പാറമട കുളം". കോവളത്തേക്ക് പോകുന്ന വഴിയില്‍ ഇവിടെ വാഹനം നിര്‍ത്തി ഒരു ഫോട്ടോ എടുക്കാതെ ആരും പോകാറില്ല.

കോവളം ജംഗ്ഷനു സമീപത്തെ "പാറമട കുളം". കോവളത്തേക്ക് പോകുന്ന വഴിയില്‍ ഇവിടെ വാഹനം നിര്‍ത്തി ഒരു ഫോട്ടോ എടുക്കാതെ ആരും പോകാറില്ല.

തിരയില്‍പ്പെട്ടു തീരത്തടിഞ്ഞ ഒരു ചെറിയമത്സ്യത്തെ കൊത്തിയെടുക്കുന്ന കള്ളന്‍ കാക്ക.

തിരയില്‍പ്പെട്ടു തീരത്തടിഞ്ഞ ഒരു ചെറിയമത്സ്യത്തെ കൊത്തിയെടുക്കുന്ന കള്ളന്‍ കാക്ക.

തീരത്തടിഞ്ഞ ഒരു ജെല്ലി ഫിഷ്‌. നാടന്‍ ഭാഷയില്‍ ഇതിനെ ചൊറി എന്ന് പറയും. അതിനെ തൊട്ടുകളിച്ചാല്‍ ശരീരത്തില്‍ ചൊറിച്ചില്‍ ഉണ്ടാവുമത്രേ.

തീരത്തടിഞ്ഞ ഒരു ജെല്ലി ഫിഷ്‌. നാടന്‍ ഭാഷയില്‍ ഇതിനെ ചൊറി എന്ന് പറയും. അതിനെ തൊട്ടുകളിച്ചാല്‍ ശരീരത്തില്‍ ചൊറിച്ചില്‍ ഉണ്ടാവുമത്രേ.

പോലീസിനെ വിളിക്കാനുള്ള നമ്പരുകള്‍

കേരള പോലീസിനെ ബന്ധപ്പെടാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഒരു ഇമെയില്‍ കിട്ടി. മറ്റുള്ളവര്‍ക്ക് എന്നും ഉപയോഗപ്പെടട്ടെ എന്ന ഉദ്ദേശത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

കേരളത്തിലെ പൊലീസ് വനിതാ സെല്ലുകളുടേയും വനിതാ പൊലീസ് സ്റ്റേഷനുകളുടേയും വിവരങ്ങള്‍.

കൊല്ലം വനിതാ സെല്‍ 0474 2742376
പത്തനംതിട്ട വനിതാ സെല്‍ 0468 2222927
കോട്ടയം വനിതാ സെല്‍ 0481 2302977
കൊച്ചിസിറ്റി വനിതാ പോലീസ്‌ സ്റ്റേഷന്‍ 0484 2394250
പാലക്കാട് വനിതാ യൂണിറ്റ് 0491 2522340
ആന്റി ഹരാസ്മെന്റ്റ്‌ സെല്‍ 9947000100

ട്രയിന്‍ യാത്രയ്ക്കിടയില്‍ അതിക്രമങ്ങള്‍ ഉണ്ടാവുകയാണങ്കില്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക:
റെയില്‍വേ ഹെല്‍പ്പ് ലൈന്‍ ഫോണ്‍നമ്പര്‍ (കേരളത്തില്‍) : 9846 200 100

കേരളത്തിലെ പൊസീസ് സഹായ നമ്പരുകള്‍, വിവിധ ജില്ലകളിലെ പൊലീസ് കണ്‍ട്രോള്‍ റൂമുകളുടെ നമ്പരുകള്‍.

തിരുവനന്തപുരം സിറ്റി 0471-2331843
തിരുവനന്തപുരം റൂറല്‍ 0471-2316995
കൊല്ലം 0474-2746000
പത്തനംതിട്ട 0468-2222226
ആലപ്പുഴ 0477-2251166
കോട്ടയം 0481-5550400
ഇടുക്കി 04862-221100
എറണാകുളം സിറ്റി 484-2359200
എറണാകുളം റൂറല്‍ 0484-2621100
തൃശൂര്‍ 0487-2424193
പാലക്കാട്‌ 0491-2522340
മലപ്പുറം 0483-2734966
കോഴിക്കോട് സിറ്റി 0495-2721831
കോഴിക്കോട് റൂറല്‍ 0496-2523091
വയനാട് 04936-205808
കണ്ണൂര്‍ 0497-2763337
കാസര്‍കോട് 04994-222960

കേരള പോലീസ്‌ ഹെല്‍പ്പ് ലൈന്‍ നമ്പര്‍
0471-3243000
0471-3244000
0471-3245000

ഹൈവേ പോലീസിന്‍റെ ഹെല്‍പ്പ് ലൈന്‍ ഫോണ്‍നമ്പര്‍ (കേരളത്തില്‍) : 9846 100 100

ഹൈ-ടെക്ക് ക്രൈം എന്‍ക്വയറി സെല്‍
സൈബര്‍ ക്രൈമുകള്‍ എന്തുതന്നെ ആയാലും Hi-Tech Crime Enquiry(HTCEC) Cell ല്ലുമായി ബന്ധപ്പെട്ട് പരാതി നല്‍കാം:

HTCEC യുടെ ഫോണ്‍ നമ്പര്‍: 0471-2722768, 0471-2721547 extension 1274
email : hitechcell@keralapolice.gov.in

ശശി തരൂരിനെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍

കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം പീയുമായ ശ്രീ ശശി തരൂരിനെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ അദ്ദേഹം തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നല്ലോ. എന്നും ഓര്‍മ്മിക്കാനായി ഇവിടെ പകര്‍ത്തുന്നു.

ന്യൂഡല്‍ഹി ഓഫീസ്:

ഫോണ്‍: 011-23014118, 011-23015716

ഫാക്സ്:  011-23794587

തിരുവനന്തപുരം ഓഫീസ്:

ഫോണ്‍: 04711-2324555

ഫാക്സ്:  0471-2324666

ഇമെയില്‍: office@tharoor.in

വെബ്സൈറ്റ്:http://shashitharoor.in/

ട്വിറ്റെര്‍: http://twitter.com/ShashiTharoor

തിരുവനന്തപുരത്തെ പോലീസ് വനിതാ ഹെല്‍പ്പ് ലൈന്‍ – 99953 99953

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നേരിടുക എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം സിറ്റി പോലീസ് കണ്ട്രോള്‍ റൂമില്‍ പോലീസ് വനിതാ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നു. ഒരു വനിതാ എസ് ഐ യും നാലു വനിതാ കോണ്‍സ്റ്റബിള്‍മാരും അടങ്ങിയതാണ് ഈ സംഘം.

അപരിചിത ഫോണില്‍ നിന്നുള്ള അനാവശ്യ ഫോണ്‍ വിളി, ബസ്സില്‍ സ്ത്രീകളുടെ സീറ്റില്‍ നിന്നും എഴുന്നേറ്റു കൊടുക്കാന്‍ വിസമ്മതിക്കുന്ന പരുഷന്‍മാരായ പുരുഷന്മാര്‍, പൂവാലശല്യം, പൊതുസ്ഥലത്ത് വച്ച് സ്ത്രീകളെ ശല്യപ്പെടുത്തല്‍, തുടങ്ങിയ വനിതകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇനി കയ്യുടനെതന്നെ 99953 99953 എന്ന ഫോണ്‍ നമ്പരിലേയ്ക്ക് വിളിച്ചു പറയാവുന്നതാണ്. ഈ സംഘം നേരിട്ടോ അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള പോലീസ് പട്രോള്‍ ഗ്രൂപ്പ്‌ വഴിയോ അല്ലെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷന്‍ വഴിയോ നിങ്ങള്‍ക്ക് എത്രയും പെട്ടെന്ന് സഹായം എത്തുന്നതായിരിക്കും.

വാര്‍ത്ത കടപ്പാട്: മലയാള മനോരമ

സമുദായസ്നേഹവും വര്‍ഗീയവാദവും

മാര്‍ച്ച് 30-ന്‍റെ മാതൃഭൂമി ദിനപത്രത്തില്‍ ശ്രീ എം. എന്‍. കാരശ്ശേരി രചിച്ച ‘എന്താണീ വര്‍ഗീയത?’ എന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. ഈ ലേഖനം ഇവിടെ ബ്ലോഗില്‍ പുനഃപ്രസിദ്ധീകരിക്കാന്‍ മാതൃഭൂമിയുടെയോ കാരശ്ശേരിയുടെയോ അനുമതി വാങ്ങിയിട്ടില്ല എന്നതില്‍ ഖേദിക്കുന്നു. ഈ ലേഖനം കൂടുതല്‍പ്പേര്‍ വായിക്കട്ടെ, ഒരു ബ്ലോഗ് ചര്‍ച്ചയ്ക്ക് വേദിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഈ തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ചര്‍ച്ചാപ്രമേയമായിക്കൊണ്ടിരിക്കുകയാണ്‌ വര്‍ഗീയത. ഏതു കക്ഷിക്കാണ്‌ വര്‍ഗീയതയുള്ളത്‌, ഏതു മുന്നണിക്കാണ്‌ വര്‍ഗീയവാദികളുമായി ബന്ധമുള്ളത്‌ എന്നീ കാര്യങ്ങളില്‍ തര്‍ക്കമുണ്ടെങ്കിലും വര്‍ഗീയത ചീത്തയാണ്‌ എന്ന കാര്യത്തില്‍ ആര്‍ക്കും എതിരില്ല!

സാധാരണ കേള്‍ക്കാറുള്ള ചോദ്യം:
അവനവന്‍റെ നാട്ടുകാരെയോ ജാതിക്കാരെയോ ഭാഷക്കാരെയോ സ്‌നേഹിക്കുന്നത്‌ തെറ്റാണോ? അവരെ സേവിക്കുന്നത്‌ കുറ്റമാണോ?

അല്ല. ഒറ്റയേ്‌ക്കാ കൂട്ടായോ അത്തരം സംഗതികള്‍ ചെയ്യുന്നവരെ സമുദായസ്‌നേഹികള്‍ എന്നാണ്‌ വിളിക്കാറ്‌; വര്‍ഗീയവാദികള്‍ എന്നല്ല.

വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, സാമൂഹിക പരിഷ്‌കരണം തുടങ്ങി പല രംഗങ്ങളിലും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്‌ രാഷ്ട്രസേവനം തന്നെയാണ്‌. ശ്രീനാരായണഗുരു, സനാ ഉല്ലാ മക്തിത്തങ്ങള്‍, അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട്‌ മുതലായ പരിഷ്‌കര്‍ത്താക്കളുടെ സംഭാവനകള്‍ ഓര്‍ത്തുനോക്കുക. അത്തരം സാമുദായിക മുന്നേറ്റങ്ങളിലൂടെയാണ്‌ രാഷ്ട്രം പുരോഗമിക്കുന്നത്‌.

ഏതെങ്കിലും ഒരു വിഭാഗത്തിനോടുള്ള ഈ പരിഗണന അധികാരത്തിനു വേണ്ടി ഉപയോഗിക്കുമ്പോള്‍ സംഗതി മാറുന്നു. സമുദായസേവനത്തിന്‍റെ രാഷ്ട്രീയവത്‌കരണമാണ്‌ അപ്പോള്‍ നടക്കുന്നത്‌. സമുദായ സ്‌നേഹം രാഷ്ട്രീയത്തിലെ സാമുദായികവാദമായി കോലം മറിയുന്ന സ്ഥിതിയാണത്‌. അധികാരലാഭത്തിനു വേണ്ടി ഭാഷ, ജാതി, മതം മുതലായവയെ വൈകാരികമായി ഉപയോഗിക്കുന്ന അവസ്ഥ അപ്പോള്‍ വന്നുചേരുന്നു. ഇപ്പറഞ്ഞ സാമുദായികവാദം സാമൂഹിക ജീവിതത്തിന്‍റെ പുറംപോക്കില്‍ കഴിഞ്ഞുകൂടുന്നവര്‍ക്കു വേണ്ടിയാവുമ്പോള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും; അത്തരം ദുരവസ്ഥയില്ലാത്ത സമൂഹങ്ങള്‍ക്കു വേണ്ടിയാവുമ്പോള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും.

ഇവിടെ വരാനിടയുള്ള എതിര്‍വാദം:
ജനാധിപത്യവ്യവസ്ഥയില്‍ ഏതു വിഭാഗത്തിന്‍റെ പിന്നാക്കാവസ്ഥയ്‌ക്ക്‌ പരിഹാരം ഉണ്ടാകണമെങ്കിലും അധികാരത്തില്‍ പങ്കു കിട്ടണം. വംശം, ഭാഷ, വര്‍ണം, ജാതി, മതം, പ്രദേശം, ലിംഗം മുതലായ പലതിന്‍റെ പേരിലും പലവിധമായ വിവേചനങ്ങള്‍ നമ്മുടെ ജനാധിപത്യത്തില്‍ നടക്കുന്നുണ്ട്‌. ഭാഷാന്യൂനപക്ഷങ്ങളും മതന്യൂനപക്ഷങ്ങളും അടിയാളജാതിക്കാരും സ്‌ത്രീകളും നേരിട്ടുകൊണ്ടിരിക്കുന്ന അനീതികള്‍ ആലോചിക്കുക. ഡല്‍ഹിയില്‍ സിഖുകാരും ഗുജറാത്തില്‍ മുസ്‌ലിങ്ങളും ഒറീസ്സയില്‍ ക്രിസ്‌ത്യാനികളും കൊലകള്‍ക്ക്‌ ഇരയായ അനുഭവം ഉദാഹരണം.

മറുപടി: ഇത്തരം അനീതികള്‍ അവയ്‌ക്ക്‌ വിധേയരാവുന്ന വിഭാഗത്തിന്‍റെ മാത്രം കാര്യമല്ല; ജനാധിപത്യസമൂഹത്തിന്‍റെ പൊതുപ്രശ്‌നമാണ്‌. അതിനു കൂട്ടായി പരിഹാരം കാണണം. ഏതെങ്കിലും തരത്തിലുള്ള ന്യൂനപക്ഷത്തിന്‍റെ വിഷമങ്ങള്‍ ആ വിഭാഗത്തിനു മാത്രമായി പരിഹരിക്കാന്‍ കഴിയില്ല. അവര്‍ ന്യൂനപക്ഷമാണ്‌ എന്നതുതന്നെ കാരണം.

സാമുദായികവാദം കൊണ്ട്‌ ചില പിന്നാക്കക്കാര്‍ക്ക്‌ ആനുകൂല്യങ്ങളും സൗകര്യങ്ങളുമൊക്കെ നേടിയെടുക്കാന്‍ സാധിച്ചേക്കുമെങ്കിലും രാഷ്ട്രത്തിലെ ഭിന്നവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു വിശാലാടിസ്ഥാനത്തില്‍ പരിഹാരം കാണുവാന്‍ അതു പ്രാപ്‌തമാവുകയില്ല.

സ്വന്തം വിഭാഗത്തോടുള്ള സ്‌നേഹം മുന്‍നിര്‍ത്തി മാത്രം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന സാമുദായികവാദത്തിനു പല പരിമിതികള്‍ ഉണ്ടെങ്കിലും അന്യവിഭാഗങ്ങളോടു വെറുപ്പ്‌ പ്രചരിപ്പിക്കാത്ത കാലത്തോളം അതിനെ വര്‍ഗീയം എന്നു കുറ്റപ്പെടുത്താനാവില്ല.

അവഗണിതരും അവശരും ചൂഷിതരും ആയി ചില വിഭാഗങ്ങള്‍ മുഖ്യധാരയ്‌ക്ക്‌ പുറത്ത്‌ പുലരാനിടയാവുന്നതുകൊണ്ടാണ്‌ സാമുദായികവാദം ഉരുവം കൊള്ളുന്നത്‌. അത്തരം അനീതികള്‍ ഇല്ലായ്‌മ ചെയ്യാന്‍ ജനാധിപത്യം പ്രാപ്‌തി നേടുമ്പോള്‍ സാമുദായികവാദം അപ്രസക്തമായിത്തീരും.

സാമുദായികവാദത്തിനു വികാരതീവ്രത തീ കൊടുക്കുമ്പോഴാണ്‌ അതു വര്‍ഗീയവാദമായി ചുട്ടുപഴുക്കുന്നത്‌.

വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ട മതവും ജാതിയും എന്നപോലെ ഏതുവിഷയവും വികാരത്തിന്‍റെ വാതകം ആക്കി തീ കൊടുക്കാം. മുംബൈയിലെ ശിവസേനാനേതാവ്‌ ബാല്‍താക്കറെ പ്രാദേശികതയെയും ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ. നേതാവ്‌ പ്രഭാകരന്‍ ഭാഷയെയും ആണ്‌ കത്തിക്കുന്നത്‌.

എന്താണ്‌ വര്‍ഗീയവാദം? സാമുദായികവാദവുമായി അതിനുള്ള വ്യത്യാസമെന്താണ്‌?

സ്വന്തക്കാരോടുള്ള സ്‌നേഹമാണ്‌ സാമുദായികവാദം. സ്വന്തമല്ലാത്ത എല്ലാറ്റിനോടുമുള്ള വെറുപ്പാണ്‌ വര്‍ഗീയവാദം.

ഒരു വിഭാഗത്തിന്‌ ഇന്നയിന്ന ആനുകൂല്യങ്ങള്‍ വേണമെന്ന അപേക്ഷയാണ്‌ സാമുദായികവാദം. ഒരു വിഭാഗം ഇന്നയിന്ന കാര്യങ്ങള്‍ പിടിച്ചെടുക്കും എന്ന പ്രഖ്യാപനമാണ്‌ വര്‍ഗീയവാദം.

സാമുദായികവാദം സാമാന്യമായി യുക്തിയും വിവേകവും ഉപയോഗിക്കുമ്പോള്‍ വര്‍ഗീയവാദം ശക്തിയും വികാരവും ഉപയോഗിക്കുന്നു. ആദ്യത്തെ കൂട്ടര്‍ക്ക്‌ ആശയമാണ്‌ ആയുധം. രണ്ടാമത്തെ കൂട്ടര്‍ക്ക്‌ ആയുധമാണ്‌ ആശയം.

ജനാധിപത്യത്തിന്‍റെ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ്‌ സാമുദായികവാദം പ്രവര്‍ത്തിക്കുന്നത്‌. വര്‍ഗീയവാദത്തിനു ജനാധിപത്യത്തില്‍ വിശ്വാസമില്ല. അതുകൊണ്ടാണ്‌ വര്‍ഗീയവാദികള്‍ പാര്‍ലമെന്റ്‌മന്ദിരം ആക്രമിക്കുന്നത്‌.

സംവാദം സാമുദായികവാദത്തിനു പറ്റും; വര്‍ഗീയവാദത്തിനു പറ്റില്ല. ‘നാവടക്കൂ’ എന്നതാണ്‌ അതിന്‍റെ ആജ്ഞ. ഇല്ലെങ്കില്‍ നാവരിയും എന്നും.

സൂക്ഷിച്ചുനോക്കൂ: ഫാസിസം തന്നെയാണ്‌ വര്‍ഗീയവാദം. ഹിറ്റ്‌ലര്‍ യഹൂദവിരോധം അടിസ്ഥാനമാക്കിയാണ്‌ ആര്യവംശാധിപത്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചത്‌. ഇന്ത്യയില്‍ മുസ്‌ലിംവിരോധം ആധാരമാക്കി ഹിന്ദുവര്‍ഗീയതയും ഹിന്ദുവിരോധം ആധാരമാക്കി മുസ്‌ലിംവര്‍ഗീയതയും മുന്നേറുന്നു.

ആര്യവംശാധിപത്യം എന്നു പറയുമ്പോലെത്തന്നെ ഫാസിസ്റ്റ്‌ ആശയമാണ്‌ ഹിന്ദുരാഷ്ട്രം, ഇസ്‌ലാമികരാഷ്ട്രം എന്നീ സങ്കല്‌പങ്ങള്‍. ‘രാഷ്ട്രമതം’ എന്നത്‌ ആ മതത്തില്‍ പ്പെടാത്തവരെയൊക്കെ പൗരാവകാശങ്ങളില്ലാത്ത രണ്ടാം കിടക്കാരായി തരം കെടുത്തി ഒരു മതവിഭാഗത്തിന്‍റെ ഏകാധിപത്യം നടപ്പാക്കുക എന്ന സ്വപ്‌നമാണ്‌. ജനാധിപത്യത്തിന്‍റെ അടിസ്ഥാന വിശ്വാസമായ മനുഷ്യരുടെ തുല്യത എന്ന ചിന്തയുമായി അതിനു ബന്ധമില്ല.

അവശതാനിവാരണം എന്നതിനപ്പുറം സാമുദായികവാദത്തിനു പ്രത്യയശാസ്‌ത്രങ്ങളൊന്നുമില്ല. പ്രശ്‌നങ്ങള്‍ക്കു പരിഹാരമായാല്‍ ആ വാദം തീര്‍ന്നു. വര്‍ഗീയവാദം ഒരു പ്രത്യയശാസ്‌ത്രമാണ്‌. വെറുപ്പിന്‍റെ രാഷ്ട്രീയമാണത്‌. സ്വന്തം വംശം, മതം മുതലായവയുടെ പേരില്‍ അധികാരം പിടിച്ചടക്കുക എന്നതാണ്‌ അതിന്‍റെ ലക്ഷ്യം.

‘ദൈവത്തിന്‍റെ ഭരണം’ എന്ന പേരില്‍ പുരോഹിതര്‍ നാടുഭരിക്കുക എന്നതാണ്‌ വര്‍ഗീയവാദികളുടെ മതരാഷ്ട്ര സങ്കല്‌പത്തിന്‍റെ ഉള്ളടക്കം. അത്‌ ജനാധിപത്യവിരുദ്ധമാണ്‌ എന്നു വ്യക്തം. ആ കൂട്ടരും ഇന്ത്യയില്‍ ജനാധിപത്യത്തിന്‍റെ പേരില്‍, ജനാധിപത്യവ്യവസ്ഥയ്‌ക്കകത്തു തന്നെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജനാധിപത്യത്തിന്‍റെ വഴിയിലൂടെയാണ്‌ ആര്യാധിപത്യത്തിന്‍റെ അവതാരപുരുഷനായ ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയത്‌!

എന്തിന്‍റെ പേരില്‍ പുലരുന്ന വര്‍ഗീയവാദവും ഹിംസയില്‍ അധിഷ്‌ഠിതമാണ്‌. നിരപരാധികളെയും അപരാധികളെയും ഒരുപോലെ കൊല്ലാന്‍ തയ്യാറാവുക എന്നതാണ്‌ അതിന്‍റെ സന്ദേശം; അല്ലെങ്കില്‍ മരിക്കാനൊരുങ്ങുക എന്ന്‌. കൊന്നാല്‍ ഇഹലോകത്തും മരിച്ചാല്‍ പരലോകത്തും ഫ്രവീരസ്വര്‍ഗം’ എന്നതാണ്‌ അതിന്‍റെ പ്രലോഭനം. പ്രതിരോധത്തിന്‍റെ പേരില്‍ ആക്രമണങ്ങളെയും പ്രത്യാക്രമണങ്ങളെയും ന്യായീകരിക്കുക എന്നതാണ്‌ അതിന്‍റെ നീതിശാസ്‌ത്രം.

കൊലപാതകം എങ്ങനെയാണ്‌ രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത്‌, സമാധാനലംഘനം എങ്ങനെയാണ്‌ ജനസേവനമാകുന്നത്‌ എന്ന്‌ വര്‍ഗീയവാദത്തോട്‌ ചോദിക്കാന്‍ നാം പലപ്പോഴും വിട്ടുപോകുന്നു.

നമ്മള്‍ ഓര്‍ത്തിരിക്കണം:
ഏതു തരം വര്‍ഗീയവാദവും ജനവിരുദ്ധമാണ്‌. എന്നിട്ടും അതില്‍ ആളെക്കൂട്ടാന്‍ അതിന്‍റെ നേതാക്കള്‍ക്കു കഴിയുന്നു – ജനാധിപത്യത്തിന്‍റെ ഒരു കുഴപ്പം ജനങ്ങള്‍ക്കെതിരായി ജനങ്ങളെ ഉപയോഗിക്കാന്‍ അതില്‍ പഴുതുണ്ട്‌ എന്നതാണ്‌.

മാര്‍ച്ച് 30-ന്‍റെ മാതൃഭൂമി ദിനപത്രത്തില്‍ ശ്രീ എം. എന്‍. കാരശ്ശേരി രചിച്ച എന്താണീ വര്‍ഗീയത?’ എന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിലെ പ്രസക്ത ഭാഗങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഈ ലേഖനം ഇവിടെ ബ്ലോഗില്‍ പുനഃപ്രസിദ്ധീകരിക്കാന്‍ മാതൃഭൂമിയുടെയോ കാരശ്ശേരിയുടെയോ അനുമതി വാങ്ങിയിട്ടില്ല എന്നതില്‍ ഖേദിക്കുന്നു. ഈ ലേഖനം കൂടുതല്‍പ്പേര്‍ വായിക്കട്ടെ, ഒരു ബ്ലോഗ് ചര്‍ച്ചയ്ക്ക് വേദിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

ബ്ലോഗ് പുലി പിടിച്ച നായര്‍ വാല്

കുറച്ചു കാലമായി ബൂലോകത്ത് നായര്‍, നമ്പൂതിരി എന്നീ സമുദായങ്ങളെ വളരെ നികൃഷ്ടമായി അസഭ്യം പറയുന്ന ബ്ലോഗ് പോസ്റ്റുകള്‍ ധാരാളം ഉണ്ടായിരുന്നു എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അടുത്തകാലത്ത് അവയെല്ലാം മറയ്ക്കപ്പെടുകയോ മായ്ക്കപ്പെടുകയോ ചെയ്തതായി കാണുന്നു. ആ ബ്ലോഗ്ഗുകളിലെ ചില പോസ്റ്റുകള്‍ വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കാന്‍ ഉതകുന്ന വിഷയം ഉള്ളതായിരുന്നുവെങ്കിലും അതിലെ അസഭ്യമായ ഭാഷാപ്രയോഗം കൊണ്ട് വായിച്ചു തീര്‍ക്കാന്‍ പോലും ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നവയായിരുന്നു എന്നതാണ് സത്യം. ‘സത്യത്തിന്‍റെ മുഖം വികൃതമാണ്’ എന്ന് പറയാറുണ്ടെങ്കിലും സത്യം എഴുതുന്ന ഭാഷ വികൃതമാകാതെ നോക്കണം എന്നൊരു അറിവുകൂടി അവര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.

എത്രത്തോളം അമൃത്‌ നമ്മുടെ കൈവശം ഉണ്ടെങ്കിലും അതില്‍ അല്പം കാളകൂടവിഷം ചേര്‍ന്നാല്‍ ഉപയോഗശൂന്യമാകും എന്നൊരു സുഭാഷിതം കേട്ടിട്ടുള്ളത് ഇത്തരുണത്തില്‍ ഓര്‍മ്മ വരുന്നു. നമ്മള്‍ ഓരോരുത്തരിലും പ്രകൃത്യാതന്നെയുള്ള കാളകൂടവിഷം കഴിയുന്നിടത്തോളം നിയന്ത്രിച്ചു, അമൃത്‌ കൂടുതലായി ഉപയോഗിച്ചു ശീലിച്ചാല്‍ അത് ലോകോപകാരപ്രദമാവും എന്ന് നിശ്ചയം.

ജാതി, മതം എന്നൊക്കെയുള്ള ചിന്തകള്‍ വ്യാവഹാരിക ലോകത്തില്‍ വച്ചുപുലര്‍ത്തുന്നത് ഒരിക്കലും ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല എന്നതിനോട് എല്ലാവരും നിസ്സംശയം യോജിക്കും. ഞാന്‍ സവര്‍ണ്ണനാണ് എന്നത് എന്തോ വലിയ കാര്യമാണ് എന്ന് കരുതുന്നതും അത് മനസ്സില്‍ വച്ച് മറ്റൊരാളോട് അപമര്യാദയായോ അപക്വമായോ പെരുമാറുന്നതും ഒരിക്കലും നല്ലതല്ല, അതിലുപരി കുറ്റകരവുമാണ്.

അതേസമയം, ഒരാള്‍ക്ക്‌ താന്‍ അവര്‍ണ്ണനാണ് അഥവാ സവര്‍ണ്ണനല്ല എന്ന ചിന്തയും നന്നല്ല. അതൊരു അപമാനമായും ഒരിക്കലും കരുതാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും സ്വയം ചിന്തിച്ചാല്‍ അത് അപകര്‍ഷതാബോധം കൊണ്ടാണ് എന്നു കരുതേണ്ടിയിരിക്കുന്നു. അത് മാറ്റിയെടുക്കാനുള്ള ശ്രമങ്ങളായിരിക്കണം നമ്മുടെ സമൂഹത്തില്‍ ഉണ്ടാകേണ്ടത്. മറ്റൊരു സമുദായത്തെ തെറി പറഞ്ഞതുകൊണ്ടോ കുറ്റപ്പെടുത്തിയതുകൊണ്ടോ ആ അപകര്‍ഷതാബോധം ഒരിക്കലും മാറില്ല, പ്രത്യുത വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അതിന് ഓരോരുത്തരുടെയും ആത്മവിശ്വാസത്തിലൂന്നിയ പ്രയത്നം വേണം. സാമുദായിക സംഘടനകള്‍ക്ക് അതില്‍ നല്ലൊരു പങ്കു വഹിക്കാനുണ്ട്. പക്ഷെ ഇക്കാലത്തെ സാമുദായിക സംഘടനകള്‍ ശ്രമിക്കുന്നത് സമൂഹത്തില്‍ അടിസ്ഥാനപരമായ ഒരു മാറ്റം ഉണ്ടാക്കാനല്ല; മറിച്ച്, ഈ അപകര്‍ഷതാബോധവും മറ്റുള്ളവരോടുള്ള വെറുപ്പും നിലനിര്‍ത്താനാണ് എന്നതാണ് സത്യം. എന്നാല്‍ മാത്രമേ ഇത്തരം സംഘടനകള്‍ക്കും അവരുടെ നേതാക്കള്‍ക്കും അവരുടെ വ്യവസായങ്ങള്‍ക്കും നിലനില്‍പ്പുള്ളൂ.

അതുപോലെ തന്നെ, മറ്റൊരാളുടെ പേരില്‍ പിള്ള, നായര്‍, നമ്പൂതിരി എന്നോ മറ്റോ കണ്ടാല്‍ ഉടനെ അവനെയാരും ആക്രമിക്കാന്‍ ചാടിപ്പുറപ്പെടെണ്ട കാര്യവുമില്ല. അത്തരം ചെയ്തികളും അസഹിഷ്ണുതയെയാണ് പുറത്തു കൊണ്ടുവരുന്നത്. മറ്റൊരാള്‍ പേരില്‍ ‘വാല്‍’ ഉപയോഗിക്കുമ്പോള്‍ ആരും സ്വയം അപമാനിതരാകേണ്ട കാര്യമുണ്ടെന്നു കരുതുന്നില്ല. അഥവാ അങ്ങനെ അപമാനം തോന്നുന്നെങ്കില്‍ അത് മാനസികമായ മുന്നോക്കാവസ്ഥ ഇല്ലാത്തതിനാലാണ്. അതിനുള്ള പോംവഴികള്‍ ആരായുകയാണ് ഉത്തമം എന്ന് കരുതുന്നു.

നമുക്ക് പേരിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു നോക്കാം. ഒട്ടു മിക്കവാറും മുസ്ലീങ്ങളുടെ പേരുകള്‍ കേട്ടാല്‍ തന്നെ അറിയാം അവരുടെ മതം ഏതാണെന്ന്. അതുപോലെതന്നെയാണ് കൂടുതല്‍ ഹിന്ദു പേരുകളും, ക്രിസ്ത്യന്‍ പേരുകളും. മതനിരപേക്ഷമായ ഒരു നവീന സമൂഹം കെട്ടിപ്പടുക്കാന്‍ നാം ആത്തരം പേരുകള്‍ ഉപേക്ഷിക്കണം എന്നു പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? അങ്ങനെ ചിന്തിക്കുന്നത് തന്നെ ബാലിശമല്ലേ? നമുക്ക് കുറച്ചു കൂടി ഉയര്‍ന്ന നിലയില്‍ ചിന്തിച്ചു കൂടെ?

ഷാഫി, ഹാഷിം, മൊഹമ്മദ്‌, നാസര്‍, അബ്ദുല്‍, ശ്രീകണ്ഠന്‍, ചന്ദ്രശേഖരന്‍, മുരളി, ഉമേഷ്, പാര്‍വതി, എലിസബത്ത്‌, ആനി, വര്‍ഗീസ്‌, തോമസ്, ക്രിസ്തുദാസ്, തുടങ്ങിയ പേരുകള്‍ നമുക്ക് വര്‍ജ്ജിക്കാന്‍ പറ്റുമോ? അതിനുപകരം ലല്ലു, മല്ലു, കല്ലു, അല്ലു, ഗല്ലു, ബല്ലു എന്നിങ്ങനെ കുറെയേറെ പേരുകള്‍ തന്നെ ഉപയോഗിച്ചാല്‍ എന്തൊരു രസമായിരിക്കും, അല്ലേ! അങ്ങനെ നോക്കുമ്പോള്‍ ഒരു പേരിലോ പേരിന്‍റെ വാലിലോ എന്തിരിക്കുന്നു? പേരിലും വാലിലും എന്തെങ്കിലുമൊക്കെ കാണുന്നവര്‍ സത്യത്തില്‍ സാമൂഹിക പ്രശ്നങ്ങള്‍ ഒന്നുംതന്നെ കാണുന്നില്ല എന്നതല്ലേ ശരി? അതിനാല്‍ നമുക്ക് പേരിലെയും വാലിലെയും പിടിവിടാം, അതല്ലേ നല്ലത്?

മാത്രവുമല്ല, ആര്‍ക്കും ഇഷ്ടമുള്ള സഭ്യമായ വാക്ക് സ്വന്തം പേരായി, അല്ലെങ്കില്‍ പേരിന്‍റെ വാലായി, ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഭാരത ഭരണഘടന തന്നിട്ടുണ്ട് എന്ന് കരുതുന്നു. അതായത്, ഈ വാലുകള്‍ ആരുടേയും കുത്തകയല്ല എന്നതാണ് സത്യം. അതിനാല്‍ പിള്ള, നായര്‍, നമ്പൂതിരി എന്നിങ്ങനെയുള്ള ഏതൊരു വാക്കും ആര്‍ക്കും വാലായോ പേരായോ ഉപയോഗിക്കാം. അപ്പോള്‍ നാം എന്തിനു വെറുതെ പേരിലും വാലിലും പിടിച്ചു കളിക്കുന്നു?

“നായര് പിടിച്ച പുലിവാല്” എന്ന് കേട്ടിട്ടുണ്ട്. ഈ അടുത്തകാലത്ത്‌ ബൂലോകത്തില്‍ നിന്നും മനസ്സിലായി നായരുടെ വാലില്‍ പിടിച്ചു പിടിച്ചു അവസാനം ബ്ലോഗ് പുലികള്‍ പിടിച്ചത് യഥാര്‍ത്ഥ പുലിവാല്‍ തന്നെയാണെന്ന്!

ഭാരത ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പൊതുനിരത്തില്‍ കൈ വീശി നടക്കാം, പക്ഷെ മറ്റൊരാളുടെ മൂക്കില്‍ തട്ടാതെ വീശണം. നമ്മുടെ വീടിന്‍റെ അകത്തെ ഭിത്തിയില്‍ എന്തു വേണമെങ്കിലും എഴുതാം, മറ്റാരും കാണാതെയിരുന്നാല്‍ മതി. പക്ഷെ നമ്മുടെ വീടിന്‍റെ പുറംലോകത്തേക്ക് തിരിഞ്ഞിരിക്കുന്ന ഭിത്തിയില്‍ എഴുതാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് ഒരു പൊതുസമൂഹത്തിന്‍റെ നിയന്ത്രണം ഉണ്ട്. നാം സമൂഹജീവി ആയിരിക്കുന്നിടത്തോളം അതനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്.

എല്ലാവര്‍ക്കും സഭ്യമായ ഭാഷയില്‍ ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം നേടുന്നതിനായി അവിടെയും ഇവിടെയും ഒക്കെ സംഘടിക്കാം, പക്ഷെ അസഭ്യതക്ക് നീതീകരണം നേടാനുള്ള ശ്രമം എന്നെങ്കിലും വിജയിക്കുമെന്ന് കരുതുന്നുണ്ടോ?

ഇനിയെങ്കിലും നമുക്കെല്ലാം ആരുടെ വാലിലും പിടിക്കാതെ, സഭ്യമായ ഭാഷ ഉപയോഗിച്ച് സമൂഹനന്മക്കായി പ്രവര്‍ത്തിക്കാം.

നിങ്ങളുടെ ബ്ലോഗ്ഗില്‍ ത്രിവര്‍ണ്ണ പതാക പാറിക്കൂ

ഈ ബ്ലോഗ്ഗിലും ശ്രേയസിലും ഋതുഭേദങ്ങളിലും ബെര്‍ളിത്തരങ്ങളിലും മറ്റും വലതുവശത്ത് മുകളിലായി ഒരു ഇന്ത്യന്‍ പതാക പാറിക്കളിക്കുന്നത് കണ്ടിട്ടില്ലേ? അതുപോലെ ഒരു ത്രിവര്‍ണ്ണ പതാക നിങ്ങളുടെ ബ്ലോഗ്ഗിലും വളരെ എളുപ്പമായി പാറിക്കാം. എങ്ങനെ?

താഴെ കൊടുത്തിരിക്കുന്ന HTML/JavaScript കോഡ് നിങ്ങളുടെ ബ്ലോഗ് ടെമ്പ്ലേറ്റിലോ വെബ് പേജിലോ കോപ്പി ചെയ്‌താല്‍ മതി. ടെമ്പ്ലേറ്റിന്‍റെ HEAD സെക്ഷനില്‍ കോപ്പി ചെയ്‌താല്‍ വളരെ നല്ലത്. ബ്ലോഗ്ഗര്‍.കോം ബ്ലോഗ് ആണെങ്കില്‍ ഒരു HTML/Javascript widget ചേര്‍ത്തിട്ടു ഈ കോഡ് കോപ്പി ചെയ്‌താല്‍ മതി. അത്രയേയുള്ളൂ, നിങ്ങളും ബ്ലോഗ്ഗിലെ ഒരു ദേശഭക്തിയുള്ള ഭാരതീയനായി മാറി! :-)

<script language="JavaScript"  type="text/JavaScript"  src="http://teck.in/bharat.js"></script>

ആ ഫ്ലാഗ്ഗിനു മുകളിലൂടെ നിങ്ങളുടെ മൌസ് ഓടിച്ചു നോക്കൂ.

വര്‍ഷങ്ങള്‍ക്കു മുമ്പ് ടെക്ക്.ഇന്‍ ആംഗലേയ ബ്ലോഗ്ഗില്‍ പ്രസിദ്ധപ്പെടുത്തിയത് മൊഴി മാറ്റം നടത്തിയതാണ് ഈ ലേഖനം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കാലമല്ലേ, നമ്മുടെ ഭാരതീയതയെ ഒന്നുകൂടി ഉറപ്പിക്കാന്‍ പറ്റിയ അവസരമാണ്!